ബഹു സുപ്രീം കോടതിയുടെ ടെറ്റ് വിധി-ഒരു പഠനം
വിദ്യാഭ്യാസം ഒരു മൗലിക അവകാശം
ഭാരതത്തിന്റെ ഭരണഘടനയിലെ മൂന്നാം ഭാഗത്തിൽ 12 മുതൽ 35 വരെയുള്ള അനുഛേദങ്ങളിലാണ് മൗലികവാകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്. ചിലപ്രത്യേക സാഹചര്യങ്ങളിലൊഴിച്ച്, ഈ മൗലികാവകാശങ്ങൾ നിഷേധിക്കാനുള്ള അധികാരം ഭരണകൂടത്തിന് ഇല്ലായെന്ന് ഇന്ത്യൻ ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. നിയമത്തിന്റെ ദൃഷ്ടിയിൽ എല്ലാ പൗരന്മാരും സമന്മാരായി കണക്കാക്കണമെന്നത് ഇത് പ്രകാരം മൗലികാവകാശമാകുന്നു. മൗലികാവകാശ ധ്വംസനമുണ്ടായാൽ കോടതി മുഖേന അതു സംരക്ഷിച്ചു കിട്ടുന്നതിനുള്ള അവകാശം പൗരനുണ്ട്. നിയമനിയന്ത്രണങ്ങൾക്ക് വിധേയമായി വ്യക്തിയുടെ അഭിപ്രായസ്വാതന്ത്ര്യം, സംഘടനാ പ്രവർത്തനങ്ങൾക്കുള്ള സ്വാതന്ത്ര്യം, രാജ്യത്തിനകത്തുള്ള സഞ്ചാരസ്വാതന്ത്ര്യം, രാജ്യത്തിനകത്ത് എവിടെയും താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യം, തൊഴിൽ സ്വാതന്ത്ര്യം എന്നിവയാണ് പ്രധാന മൗലികാവകാശങ്ങൾ. വ്യക്തിയുടെ ജീവനോ സ്വാതന്ത്ര്യമോ അപഹരിക്കുവാൻ പാടില്ലെന്ന് ഭരണഘടനയിലെ 21-ആം വകുപ്പായ ജീവസ്വാതന്ത്ര്യസംരക്ഷണം വ്യക്തമാക്കിയിട്ടുണ്ട് . ഭരണഘടനയിലെ വിവിധ വകുപ്പുകൾക്ക് വിധേയമായി പൗരന്മാരുടെ പേരിൽ നിയമനടപടികൾ കൈക്കൊള്ളുന്നതിന് അവകാശമുണ്ട് . അടിമത്തം, ബാലവേല എന്നിവയും നിരോധിച്ചിട്ടുണ്ട് . നിബന്ധനകൾക്ക് വിധേയമായി മതസ്വാതന്ത്ര്യത്തിനുള്ള അവകാശം രാജ്യത്തിലെ ജനങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്. ഇന്ത്യൻ പൗരസമൂഹത്തിൽപ്പെട്ട ന്യൂനപക്ഷ സമുദായങ്ങൾക്ക് വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നതിനുള്ള പ്രത്യേകമായ അവകാശം ഭരണഘടന പരിരക്ഷിക്കുന്നു. എന്നാൽ ഇവയിൽ നിന്നും വ്യത്യസ്ഥമായ അവകാശമാണ് വിദ്യാഭ്യാസത്തിനുള്ള കുട്ടിയുടെ അവകാശം . ആയതിനെകുറിച്ച് വിശദമായി പ്രതിപാദിക്കാം.

