എയ്ഡഡ് സ്കൂൾ നിയമനാംഗീകാരം: പുതിയ സർക്കുലറിലെ നിർദേശങ്ങൾ
മാനേജർമാർ, പ്രധാനാധ്യാപകർ, വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർക്ക് ഉപയോഗിക്കാവുന്ന സമഗ്ര പഠനക്കുറിപ്പ്. നിയമന ഉത്തരവ് മുതൽ ഫയൽ തീർപ്പാക്കൽ, രേഖകൾ, യോഗ്യത, ഒഴിവ്, ഓഡിറ്റ് എന്നിവ വരെയുള്ള പ്രധാന നിർദേശങ്ങൾ ഇവിടെ ക്രമീകരിച്ചിരിക്കുന്നു.
ഉള്ളടക്ക സൂചിക
- ആമുഖം
- സർക്കുലർ ബാധകമായ നിയമനങ്ങൾ
- നിയമന ഉത്തരവും സമയപരിധിയും
- നിയമനാംഗീകാരത്തിനുള്ള രേഖകൾ
- ഫിറ്റ്നസ് സർട്ടിഫിക്കറ്റും പോലീസ് വെരിഫിക്കേഷനും
- സംരക്ഷിത അധ്യാപക നിയമനവും ബോണ്ടും
- കാലതാമസമുള്ള അപേക്ഷകൾ
- റീഅറേഞ്ച്മെന്റ് കേസുകൾ
- ഒഴിവും തസ്തികയുടെ ലഭ്യതയും
- യോഗ്യതയും പ്രായപരിധിയും
- അംഗീകാര തീരുമാനം
- 30 ദിവസത്തിനകം ഫയൽ തീർപ്പാക്കൽ
- ഓഡിറ്റും രജിസ്റ്ററുകളും
- പ്രത്യേക ചെക്ക്ലിസ്റ്റുകൾ (മാനേജർ & ഓഫീസ്)
- ഉപസംഹാരം
1. ആമുഖം
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക–അനധ്യാപക നിയമനാംഗീകാരം നിയമപരമായ വ്യവസ്ഥകൾ പാലിച്ച് നടത്തേണ്ട പ്രധാന ഭരണനടപടിയാണ്. നിയമനം നടത്തുക, നിയമന ഉത്തരവും രേഖകളും സമർപ്പിക്കുക, ഒഴിവിന്റെ ലഭ്യതയും നിയമിതന്റെ യോഗ്യതയും പരിശോധിക്കുക, തുടർന്ന് അംഗീകാരത്തിൽ തീരുമാനമെടുക്കുക എന്നിവ ഓരോ ഘട്ടത്തിലും വ്യക്തത ആവശ്യപ്പെടുന്നു.
ഈ നടപടിക്രമങ്ങളിൽ ഏകീകൃതത വരുത്തുന്നതിനും അനാവശ്യ രേഖകൾ ആവശ്യപ്പെടുന്നതും ഫയലുകൾ വൈകിപ്പിക്കുന്നതും ഒഴിവാക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ 30-09-2026-ന് DGE/16152/2026-H2 നമ്പർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.
2. സർക്കുലർ ബാധകമായ നിയമനങ്ങൾ
സർക്കുലർ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കൻഡറി സ്കൂളുകളിലെ നിയമനാംഗീകാര നടപടികൾക്കാണ് ബാധകമാക്കിയിരിക്കുന്നത്. KER അധ്യായം XIV A-യിലെ ബന്ധപ്പെട്ട ചട്ടങ്ങൾ അനുസരിച്ച് നിയമനം നടത്തുകയും അംഗീകാരത്തിനാവശ്യമായ രേഖകൾ സമർപ്പിക്കുകയും വേണം.
3. നിയമന ഉത്തരവും രേഖകളും സമർപ്പിക്കേണ്ട സമയപരിധി
നിയമനം നടത്തിയശേഷം മാനേജർ നിയമന ഉത്തരവ് പുറപ്പെടുവിക്കണം. സർക്കുലറിലെ നിർദേശമനുസരിച്ച് ജോയിനിംഗ് തീയതി മുതൽ പരമാവധി 15 ദിവസത്തിനകം നിയമന ഉത്തരവും നിർദിഷ്ട രേഖകളും സമന്വയ പോർട്ടൽ വഴി ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർക്ക് സമർപ്പിക്കണം.
- ജോയിനിംഗ് തീയതി കൃത്യമായി രേഖപ്പെടുത്തുക.
- നിയമന ഉത്തരവ് യഥാസമയം പുറപ്പെടുവിക്കുക.
- സമന്വയയിൽ രേഖകൾ അപ്ലോഡ് ചെയ്ത തീയതി ഉറപ്പാക്കുക.
- കാലതാമസം ഉണ്ടെങ്കിൽ കാരണം രേഖപ്പെടുത്തി ചട്ടപ്രകാരം ഇളവിന് അപേക്ഷിക്കുക.
സർക്കുലർ KER അധ്യായം XIV A ചട്ടങ്ങൾ 7, 8(1), 8(4) എന്നിവ പരാമർശിക്കുന്നു.
4. നിയമനാംഗീകാരത്തിന് ആവശ്യമായ രേഖകൾ
4.1 നിയമന ഉത്തരവ് – Form No. 27
മാനേജർ പുറപ്പെടുവിച്ച, കൃത്യമായി പൂരിപ്പിച്ച Form No. 27-ലെ നിയമന ഉത്തരവ് സമർപ്പിക്കണം. നിയമിതന്റെ പേര്, തസ്തിക, നിയമനത്തിന്റെ സ്വഭാവം, ശമ്പളം, നിയമന തീയതി, ഒഴിവിന്റെ കാലയളവ് എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. മുൻകാല പ്രാബല്യത്തോടെ പുതിയ നിയമന ഉത്തരവ് പുറപ്പെടുവിക്കുന്നത് കോടതിയുടെയോ വിദ്യാഭ്യാസ അധികാരികളുടെയോ നിർദേശമുള്ള സാഹചര്യങ്ങൾ ഒഴികെ അനുവദനീയമല്ലെന്ന് സർക്കുലർ വ്യക്തമാക്കുന്നു.
4.2 മാനേജറുടെ പ്രഖ്യാപനം
തീയതി, പേര്, ഒപ്പ് എന്നിവയുള്ള പ്രഖ്യാപനത്തിൽ ബാധകമായ അവകാശനിയമനങ്ങൾ, പുനർനിയമനങ്ങൾ, സംരക്ഷിത അധ്യാപക നിയമനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകണം:
ഒന്നിലധികം സ്കൂളുകൾ ഒരുമിച്ചുള്ള മാനേജ്മെന്റെങ്കിൽ ഈ ഡിക്ലറേഷൻ G.O (Ms) No. 258/90/Gen. Edn Dated 15-12-1990 പ്രകാരം നിഷ്കർഷിച്ച വിധത്തിൽ നൽകണം. ഒരു സ്കൂൾ മാത്രമോ ഓരോ സ്കൂളും വ്യത്യസ്ത യൂണിറ്റോ ആയ മാനേജ്മെന്റെങ്കിൽ, KER അദ്ധ്യായം XIV (A) യിലെ ചട്ടങ്ങൾ 43, 51 A, 51B, 1 (1), അദ്ധ്യായം XXIV (A) ചട്ടം 9A എന്നിവ പ്രകാരമുള്ള അവകാശികൾക്ക് ബന്ധപ്പെട്ട തസ്തികകളിൽ നിയമനം/പുനർനിയമനം നൽകിയിട്ടുണ്ടോ / അത്തരം അവകാശികൾ ഇല്ലാത്തതാണോ എന്നും വ്യക്തമാക്കണം.
4.3 ജോയിനിംഗ് റിപ്പോർട്ട്
പ്രധാനാധ്യാപകൻ നൽകുന്ന റിപ്പോർട്ടിൽ നിയമിതന്റെ പേര്, തസ്തിക, ജോലിയിൽ പ്രവേശിച്ച തീയതി, FN/AN വിവരം, ഒപ്പ്, തീയതി എന്നിവ ഉൾപ്പെടണം. പ്രധാനാധ്യാപകൻ തന്നെയാണ് നിയമിതനെങ്കിലും ഇതേ രീതിയിൽ നൽകണം.
4.4 നിയമിതന്റെ പ്രഖ്യാപനം
4.5 യോഗ്യതാ സർട്ടിഫിക്കറ്റുകൾ
നിയമനത്തിന് ആവശ്യമായ അക്കാദമിക, പരിശീലന, പരീക്ഷാ യോഗ്യതകളുടെ അസ്സൽ സർട്ടിഫിക്കറ്റുകളാണ് സ്കാൻ ചെയ്ത് PDF രൂപത്തിൽ സമന്വയയിൽ അപ്ലോഡ് ചെയ്യേണ്ടത്. യോഗ്യത അംഗീകൃതമാണോ എന്ന് ബന്ധപ്പെട്ട ചട്ടങ്ങളും ഉത്തരവുകളും അനുസരിച്ച് പരിശോധിക്കണം.
4.6 Character and Antecedence Certificate
നിയമിതനെ കഴിഞ്ഞ 3 വർഷമായി അറിയാവുന്ന ഗസറ്റഡ് ഓഫീസറിൽ നിന്നോ, നിയമിതന്റെ താമസ സ്ഥലത്തെ MP/MLA/തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻ എന്നിവരിൽ നിന്നോ ലഭിക്കുന്ന സാക്ഷ്യപത്രമാണ് വേണ്ടത്. ജോയിനിംഗ് തീയതിയിലോ അതിന് 15 ദിവസം മുമ്പ് വരെയുള്ള തീയതിയിലോ ഉള്ള സാക്ഷ്യപത്രം സ്വീകാര്യമാണ്. ഇത് പുതിയ നിയമനങ്ങൾക്ക് മാത്രമാണ് ബാധകം.
5. ഫിറ്റ്നസ് സർട്ടിഫിക്കറ്റും പോലീസ് വെരിഫിക്കേഷനും
Physical Fitness Certificate
ഭിന്നശേഷി സംവരണം വഴിയുള്ള നിയമനങ്ങൾ ഒഴികെയുള്ള പുതിയ സ്ഥിരം അല്ലെങ്കിൽ താൽക്കാലിക നിയമനങ്ങൾക്ക് ജോയിനിംഗ് തീയതിയിലോ അതിനു മുമ്പുള്ള 15 ദിവസത്തിനുള്ളിലോ ലഭിച്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. സർക്കാർ സർവീസിലെ അസിസ്റ്റന്റ് സർജൻ, സിവിൽ സർജൻ അല്ലെങ്കിൽ അതിനു മുകളിലുള്ള റാങ്കിലുള്ള മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റാണ് നിർദേശിച്ചിരിക്കുന്നത്.
നിയമന കാലയളവ് നീട്ടുന്ന സാഹചര്യത്തിലും ഒരു നിയമനത്തിനും അടുത്ത നിയമനത്തിനും ഇടയിൽ ആറുമാസത്തിലധികം ഇടവേളയില്ലാത്ത ചില സാഹചര്യങ്ങളിലും പുതിയ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഈ ഇളവ് ദിവസവേതന നിയമനങ്ങൾക്ക് ബാധകമല്ല.
Fitness Certificate Format ഡൗൺലോഡ് ചെയ്യാം (ഈ സർക്കുലർ പുറപ്പെടുവിച്ചതിനുശേഷമുള്ള നിയമനങ്ങൾക്കാണ് ഇത് ബാധകം)
Police Verification Proforma
25-09-2026-ലെ G.O.(Hand) No.149/2026/പൊ.വി.വ പ്രകാരം എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ നിയമനാംഗീകാരവുമായി ബന്ധപ്പെട്ട് Police Verification Proforma ഉൾപ്പെടുത്തിയിട്ടുണ്ട്. 25-09-2026-നോ അതിനുശേഷമോ ഉള്ള നിയമനങ്ങളിൽ ബന്ധപ്പെട്ട ഉത്തരവിലെ വ്യവസ്ഥകൾ പാലിക്കണം.
തിരിച്ചറിയൽ രേഖ
ഫോട്ടോ പതിച്ചതും സർക്കാർ അംഗീകൃതവുമായ ഒരു തിരിച്ചറിയൽ രേഖയുടെ (നിയമിതന്റെ വോട്ടർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ് തുടങ്ങിയവ) സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിക്കണം. അവ ലഭ്യമല്ലെങ്കിൽ ഫോട്ടോ പതിച്ച്, പേരും മേൽവിലാസവും എഴുതി ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനും മാനേജരും സാക്ഷ്യപ്പെടുത്തിയ രേഖ മതിയാകും. വെരിഫിക്കേഷൻ ആവശ്യപ്പെടുമ്പോൾ അസ്സൽ രേഖ ഹാജരാക്കണം.
സ്കൂളിന്റെ നിലയിലുണ്ടായ മാറ്റങ്ങൾ
ഗേൾസ്/ബോയ്സ് സ്കൂൾ മിക്സഡ് സ്കൂളാക്കി മാറ്റിയിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കിയിട്ടുണ്ടെങ്കിൽ, അതുമായി ബന്ധപ്പെട്ട ഉത്തരവുകളും സംരക്ഷിത നിയമന വിവരങ്ങളും ലഭ്യമാക്കണം.
മേൽപ്പറഞ്ഞവ കൂടാതെ അതത് സമയത്തെ സർക്കാർ ഉത്തരവുകൾ പാലിക്കുന്നതിന് ആവശ്യമാവുന്ന മറ്റ് രേഖകളോ ഡിക്ലറേഷനുകളോ ബോണ്ടോ ഒന്നോ രണ്ടോ ആഴ്ചയ്ക്കകം സമർപ്പിക്കാൻ വിദ്യാഭ്യാസ ഓഫീസർക്ക് ആവശ്യപ്പെടാവുന്നതാണ്. എന്നാൽ കാരണം സമന്വയ ഫയൽ നോട്ടിൽ രേഖപ്പെടുത്തിയിരിക്കണം.
6. സംരക്ഷിത അധ്യാപക നിയമനവും ബോണ്ടും
സംരക്ഷിത അധ്യാപക നിയമനത്തിന് തസ്തിക നീക്കിവെച്ചിട്ടുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട ബോണ്ട് അല്ലെങ്കിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെങ്കിൽ അത് സമന്വയയിൽ അപ്ലോഡ് ചെയ്യണം. സമർപ്പിച്ചിട്ടില്ലെങ്കിൽ അതിന്റെ വിവരം നിയമന ഫയലിലെ നോട്ടിൽ രേഖപ്പെടുത്തണം.
പ്രധാന ഉത്തരവുകൾ: 08-03-2019-ലെ J2/57/2019 | 06-02-2021-ലെ G.O. No.4/2021 | 23-01-2023-ലെ G.O. No.2/2023
സമന്വയ ഫയലുകളുടെ തരംതിരിവിനും കണക്കെടുക്കുന്നതിനും ലേബലുകൾ ഉപയോഗിക്കണമെന്നും, ക്ലോസ് ചെയ്തവ ഉൾപ്പെടെ എളുപ്പത്തിൽ തിരിച്ചറിയാൻ അനുയോജ്യമായ ലേബലുകൾ ചേർക്കണമെന്നും 25.08.2021-ലെ നം. 1-12/6448/2020/ഡിജിഇ സർക്കുലർ പ്രകാരം നിർദ്ദേശിച്ചിട്ടുണ്ട്.
7. കാലതാമസമുള്ള അപേക്ഷകൾ
സമന്വയ വഴി പ്രൊപ്പോസൽ സമർപ്പിക്കുന്നതിൽ ഒരു മാസത്തിലധികം കാലതാമസം ഉണ്ടായാൽ വ്യക്തമായ കാരണം ആവശ്യമാണ്. ന്യായമായ കാരണം അനുബന്ധ രേഖകളോടെ ബോധ്യപ്പെടുത്തിയാൽ ചട്ടപ്രകാരം പരമാവധി ആറുമാസം വരെ കാലതാമസം ഒഴിവാക്കാമെന്ന് സർക്കുലർ പറയുന്നു.
8. റീഅറേഞ്ച്മെന്റ് കേസുകൾ
നിലവിലുള്ള ഒഴിവിൽ നിയമിതരുടെ യോഗ്യതകൾ പാലിച്ച് നിയമനം നടത്തി, രേഖപ്പെടുത്തലുകളിൽ അപാകത ഇല്ലാത്ത നിയമന ഉത്തരവും ജോയിനിംഗ് റിപ്പോർട്ടും അനുബന്ധ രേഖകളും ലഭ്യമാക്കിയ ശേഷം, പ്രസ്തുത ഒഴിവിൽ അംഗീകാരത്തിന് തടസ്സം നേരിടുകയും ഒഴിവ് ലഭ്യതയുള്ള മറ്റൊരു തസ്തികയ്ക്ക് അനുസൃതമായി നിയമനം മാനേജർ റീഅറേഞ്ച് ചെയ്യേണ്ടി വരികയും ചെയ്യുന്ന കേസുകളിൽ (ഉദാ: ഭിന്നശേഷി സംവരണം):
- ആദ്യനിയമന പ്രൊപ്പോസൽ സമർപ്പിക്കുന്നതിൽ കാലതാമസം വന്നിട്ടില്ലെങ്കിലോ കാലതാമസം ഒഴിവാക്കി കിട്ടിയതെങ്കിലോ പുതുതായി കാലതാമസം കണക്കാക്കേണ്ടതില്ല.
- മാനേജരുടെ അപേക്ഷ പ്രകാരമുള്ള പുതിയ തീയതി മുതൽ അംഗീകാരത്തിന് പരിഗണിക്കാൻ പഴയ പ്രൊപ്പോസലിലെ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കാം.
- എന്നാൽ നിയമിതൻ സ്കൂളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നെങ്കിൽ പുതുക്കിയ തീയതിയിലെ സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്.
9. ഒഴിവിന്റെ കാലയളവും തസ്തികയുടെ ലഭ്യതയും
നിയമനാംഗീകാരത്തിന് ഒഴിവിന്റെ ആരംഭവും അവസാനവും മാത്രം രേഖപ്പെടുത്തുന്നത് മതിയാകണമെന്നില്ല. നിയമിതന് തസ്തികയിൽ നിയമപരമായി തുടരാൻ കഴിയുന്ന കാലയളവാണ് അംഗീകാരത്തിനായി പരിഗണിക്കേണ്ടതെന്ന് സർക്കുലർ (22-02-2013-ലെ CA No.1643/2013 സുപ്രീംകോടതി വിധിന്യായത്തിലെ ഖണ്ഡിക 19 പരാമർശിച്ച്) വ്യക്തമാക്കുന്നു.
തസ്തിക നിർണയ നടപടികൾ പൂർത്തിയാക്കി ഒഴിവ് ലഭ്യമാണെന്ന് ഉറപ്പാക്കിയശേഷം മാത്രമേ നിയമന പ്രൊപ്പോസൽ പരിഗണിക്കാവൂ. സ്റ്റാഫ് സ്റ്റേറ്റ്മെന്റ്, പ്രമോഷൻ ഉത്തരവ്, അവധി ഒഴിവാണെങ്കിൽ അവധി അനുവദിച്ച ഉത്തരവ് തുടങ്ങിയ രേഖകൾ ആവശ്യമായിടത്ത് ബന്ധപ്പെട്ട ഫയലിൽ ഉൾപ്പെടുത്തണം.
31-03-2021-ലെ G.O. No.136/2021/പൊ.വി.വ പ്രകാരമുള്ള അധിക തസ്തികകളുമായി ബന്ധപ്പെട്ട നിർദേശവും സർക്കുലർ പരാമർശിക്കുന്നു.
10. യോഗ്യതയും പ്രായപരിധിയും
യോഗ്യതയുടെ വിഭാഗങ്ങൾ
- അക്കാദമിക യോഗ്യത: പത്താം ക്ലാസ്, ബിരുദം തുടങ്ങിയവ.
- പരിശീലന യോഗ്യത: D.El.Ed., D.El.Ed. (Language), B.Ed. തുടങ്ങിയവ.
- പരീക്ഷാ യോഗ്യത: K-TET/C-TET, വകുപ്പുതല പരീക്ഷകളായ Account Test, KER Test തുടങ്ങിയവ.
അധ്യാപക തസ്തികകൾക്ക് KER അധ്യായം XXXI-ലും അനധ്യാപക തസ്തികകൾക്ക് അധ്യായം XXIV B ചട്ടം 4-ലും യോഗ്യതകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള യോഗ്യതകൾക്ക് കേരളത്തിലെ അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള തുല്യതാ സർട്ടിഫിക്കറ്റ് (Equivalency Certificate) നിർബന്ധമാണ്. ഇതിന്റെ ജെനുവിൻനെസ്സ് പരിശോധിക്കുന്നതിനുള്ള യൂണിവേഴ്സിറ്റി ഫീസ് നിയമിതൻ വഹിക്കേണ്ടതാണ്.
പ്രായപരിധി (27/02/2026 മുതൽ പ്രാബല്യത്തിലുള്ളത്)
കുറഞ്ഞ പ്രായപരിധി 18 വയസ്സാണ് (KER XIVA 1(2) പ്രകാരം ജനുവരി 1 അടിസ്ഥാനമാക്കി). സ.ഉ. 28/2012, സ.ഉ 109/2026 എന്നിവ പ്രകാരം ഉയർത്തിയ പ്രായപരിധി വിവരങ്ങൾ താഴെ നൽകുന്നു:
| വിഭാഗം | അധ്യാപകർ | അനധ്യാപകർ |
|---|---|---|
| പൊതുവിഭാഗം (General) | 44 വയസ്സ് പൂർത്തിയാകരുത് | 40 വയസ്സ് പൂർത്തിയാകരുത് |
| മറ്റ് പിന്നാക്ക വിഭാഗങ്ങൾ (OBC) | 47 വയസ്സിനകം | 43 വയസ്സിനകം |
| പട്ടികജാതി / പട്ടികവർഗ്ഗം / വിധവകൾ | 49 വയസ്സിനകം | 45 വയസ്സിനകം |
| ഭിന്നശേഷി വിഭാഗം (PH) | 50 വയസ്സിനകം | 50 വയസ്സിനകം |
SSLC സർട്ടിഫിക്കറ്റിലെ ജനനത്തീയതി, ജാതി, മതം എന്നിവ അടിസ്ഥാനമാക്കി പ്രായപരിധി ഇളവ് അനുവദിക്കാം.
11. നിയമനാംഗീകാര തീരുമാനം എടുക്കേണ്ട രീതി
നിയമനാംഗീകാരം നൽകുമ്പോൾ നിയമനത്തിന്റെ യഥാർഥ സ്വഭാവം നിലനിർത്തണം. സ്ഥിരമായ തസ്തികയിൽ നടത്തിയ നിയമനം പിന്നീട് തസ്തിക നഷ്ടപ്പെട്ടെന്ന കാരണത്താൽ തെറ്റായി പരിമിതപ്പെടുത്തി (restrict ചെയ്ത്) അംഗീകരിക്കരുത്. മാനേജർ നിയമിച്ചതുപോലെ പ്രൊബേഷണറി / തുടർച്ചയായ അംഗീകാരം നൽകുകയും തസ്തിക നഷ്ടം നേരിട്ട തീയതിയിൽ പുറത്തായി എന്ന വിവരം പ്രത്യേക ഉത്തരവിലൂടെയോ നോട്ടിലൂടെയോ രേഖപ്പെടുത്തുകയുമാണ് വേണ്ടത്.
12. 30 ദിവസത്തിനകം ഫയൽ തീർപ്പാക്കൽ
KER അധ്യായം XIV A ചട്ടം 8(2) പ്രകാരം, സമന്വയ വഴി ലഭിക്കുന്ന നിയമനാംഗീകാര പ്രൊപ്പോസലുകൾ ലഭിച്ച തീയതി മുതൽ 30 ദിവസത്തിനകം പരിശോധിച്ച് തീർപ്പാക്കണം.
- പരിഹരിക്കാവുന്ന അപാകതകൾ മാനേജരെ അറിയിച്ച് വേഗത്തിൽ പരിഹരിക്കണം.
- ഓഫീസിൽ ലഭ്യമായ രേഖകൾ വീണ്ടും വീണ്ടും മാനേജറോട് ആവശ്യപ്പെടരുത്.
- നിരസിക്കേണ്ടിവന്നാൽ അംഗീകാരം നൽകാൻ കഴിയാത്ത എല്ലാ കാരണങ്ങളും ആദ്യ ഉത്തരവിൽത്തന്നെ ഉൾപ്പെടുത്തണം.
- Genuineness Certificate, കോടതി ഉത്തരവുകൾ എന്നിവ കാത്തിരിക്കുന്ന കേസുകളിൽ കാരണം രേഖപ്പെടുത്തി ഫയൽ പെൻഡിങ്ങിൽ വെക്കാം. രേഖകൾ ലഭിച്ചാൽ രണ്ടാഴ്ചയ്ക്കകം തീർപ്പാക്കണം. 6 മാസം കഴിഞ്ഞിട്ടും രേഖ ലഭിച്ചില്ലെങ്കിൽ അതനുസരിച്ച് ഫയൽ ക്ലോസ് ചെയ്യാം.
13. ഓഡിറ്റും രജിസ്റ്ററുകളും
നിയമനാംഗീകാര ഫയലുകളുടെ ഓഡിറ്റ് കൃത്യമായി നടക്കുന്നുണ്ടെന്ന് ഓരോ 3 മാസത്തിലും വിദ്യാഭ്യാസ ഉപഡയറക്ടർ പരിശോധിക്കണം. രേഖകൾ ലഭ്യമല്ലെന്ന കാരണത്താൽ ഓഡിറ്റ് തടസ്സവാദം ഉന്നയിച്ചാൽ, തടസ്സവാദം ഉന്നയിച്ച തീയതിക്ക് ശേഷം സാക്ഷ്യപ്പെടുത്തിയ രേഖ ഹാജരാക്കിയാലും മതിയാകും.
പുതിയ സ്കൂളുകളിലും പുതുതായി അപ്ഗ്രേഡ് ചെയ്ത സ്കൂളുകളിലും 29-01-2016 മുതൽ അനുവദിച്ച അധിക തസ്തികകളുടെ വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ സൂക്ഷിക്കേണ്ടതാണ്. 2027 ജനുവരി മുതൽ ഈ രജിസ്റ്ററുകൾ ഓഡിറ്റിൽ പരിശോധിക്കും.
Register Format (PDF) Register Format (Excel)
14. പ്രത്യേക ചെക്ക്ലിസ്റ്റുകൾ
14.1 നിയമനാംഗീകാരം: മാനേജർക്കുള്ള ചെക്ക്ലിസ്റ്റ്
നിയമനാംഗീകാര പ്രൊപ്പോസൽ സമന്വയ വഴി സമർപ്പിക്കുന്നതിന് മുമ്പ് താഴെപ്പറയുന്ന കാര്യങ്ങൾ പരിശോധിക്കുക
- നിയമനം നടത്തിയത് അംഗീകൃത മാനേജരാണെന്നും മാനേജരുടെ Management Tenure സമന്വയയിൽ ശരിയായി അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കുക
- നിയമനത്തിന് നിയമപരമായ ഒഴിവ് ലഭ്യമാണെന്നും ഒഴിവിന്റെ ആരംഭ തീയതി, കാലയളവ്, തസ്തിക എന്നിവ ശരിയാണെന്നും പരിശോധിക്കുക
- KER അധ്യായം XIV A ചട്ടം 1(1) പ്രകാരം അവകാശികളായവരെ പരിഗണിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
- നിയമന ഉത്തരവ് കൃത്യമായി പൂരിപ്പിച്ച് Form No. 27 ഉൾപ്പെടെയുള്ള നിർദിഷ്ട രേഖകൾ തയ്യാറാക്കുക
- ജോയിനിംഗ് റിപ്പോർട്ടിൽ നിയമിതന്റെ പേര്, തസ്തിക, ജോലിയിൽ പ്രവേശിച്ച തീയതി, FN/AN വിവരം, ഒപ്പ്, തീയതി എന്നിവ ഉണ്ടെന്ന് പരിശോധിക്കുക
- മാനേജറുടെ പ്രഖ്യാപനം തീയതി, പേര്, ഒപ്പ് എന്നിവ സഹിതം ചേർക്കുക; ബാധകമായ അവകാശനിയമനങ്ങൾ/പുനർനിയമനങ്ങൾ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കുക
- നിയമിതന്റെ ആവശ്യമായ പ്രഖ്യാപനങ്ങളും ഫോട്ടോ പതിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയുടെ മാനേജർ സാക്ഷ്യപ്പെടുത്തിയ പകർപ്പും ചേർക്കുക
- അക്കാദമിക, പരിശീലന, പരീക്ഷാ യോഗ്യതകളുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് PDF രൂപത്തിൽ സമന്വയയിൽ അപ്ലോഡ് ചെയ്യുക
- പുതിയ നിയമനമാണെങ്കിൽ സർക്കുലറിൽ നിർദേശിച്ച Character and Antecedence Certificate ചേർക്കുക
- ബാധകമായ പുതിയ നിയമനങ്ങളിൽ നിർദേശിച്ച Physical Fitness Certificate ചേർക്കുക
- 25-09-2026-ലെ ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പ്രകാരം Police Verification Proforma ആവശ്യമായിടത്ത് ഉൾപ്പെടുത്തുക
- സംരക്ഷിത അധ്യാപക നിയമനമാണെങ്കിൽ ബാധകമായ ബോണ്ട്/സത്യവാങ്മൂലം സമർപ്പിച്ച് സമന്വയയിൽ അപ്ലോഡ് ചെയ്യുക
- നിയമന ഉത്തരവും രേഖകളും ജോയിനിംഗ് തീയതി മുതൽ പരമാവധി 15 ദിവസത്തിനകം സമർപ്പിക്കാനുള്ള സമയപരിധി പാലിക്കുക; കാലതാമസം ഉണ്ടെങ്കിൽ കാരണം തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷിക്കുക
- പുറത്തുള്ള സംസ്ഥാനത്തെ യോഗ്യതയാണെങ്കിൽ ആവശ്യമായ തുല്യതാ സർട്ടിഫിക്കറ്റും യോഗ്യതയുടെ genuineness പരിശോധനയ്ക്കാവശ്യമായ വിവരങ്ങളും നൽകുക
- സ്കൂൾ മിക്സഡ് ആക്കിയത്, ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കിയത്, അധിക തസ്തിക നഷ്ടപ്പെട്ടത് തുടങ്ങിയവ കേസിനെ ബാധിക്കുന്നുവെങ്കിൽ ബന്ധപ്പെട്ട ഉത്തരവുകളും വിവരങ്ങളും ചേർക്കുക
- അപ്ലോഡ് ചെയ്ത രേഖകൾ വായിക്കാവുന്നതും വ്യക്തവുമാണെന്ന് പരിശോധിച്ച് പ്രൊപ്പോസൽ സമർപ്പിക്കുക
14.2 നിയമനാംഗീകാരം: വിദ്യാഭ്യാസ ഓഫീസിനുള്ള ചെക്ക്ലിസ്റ്റ്
നിയമനാംഗീകാര പ്രൊപ്പോസൽ പരിശോധിച്ച് തീർപ്പാക്കുമ്പോൾ ബന്ധപ്പെട്ട ചട്ടങ്ങളും സർക്കുലറിലെ നിർദേശങ്ങളും അടിസ്ഥാനമാക്കി താഴെപ്പറയുന്ന കാര്യങ്ങൾ ഉറപ്പാക്കുക
- സമന്വയയിൽ പ്രൊപ്പോസൽ ലഭിച്ച തീയതി രേഖപ്പെടുത്തി KER അധ്യായം XIV A ചട്ടം 8(2) പ്രകാരമുള്ള 30 ദിവസത്തെ സമയപരിധി നിരീക്ഷിക്കുക
- നിയമനം നടത്തിയത് അംഗീകൃത മാനേജരാണോ, Management Tenure/ലോഗിൻ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുക
- നിയമപരമായ ഒഴിവ്, തസ്തികയുടെ ലഭ്യത, ഒഴിവിന്റെ ആരംഭ തീയതി, നിയമന കാലയളവ് എന്നിവ ഓഫീസ് രേഖകളുമായി ഒത്തുനോക്കുക
- KER അധ്യായം XIV A ചട്ടം 1(1) പ്രകാരമുള്ള അവകാശികൾ/മുൻഗണനകൾ ബാധകമാണെങ്കിൽ പരിശോധിക്കുക
- Form No. 27-ലെ നിയമന ഉത്തരവും ജോയിനിംഗ് റിപ്പോർട്ടും നിർദിഷ്ട രേഖകളും പരിശോധിക്കുക
- നിയമിതന്റെ അക്കാദമിക, പരിശീലന, പരീക്ഷാ യോഗ്യതകളും പ്രായപരിധിയും നിയമന തീയതിയിൽ പ്രാബല്യത്തിലുള്ള ചട്ടങ്ങൾ/ഉത്തരവുകൾ പ്രകാരം പരിശോധിക്കുക
- പുതിയ നിയമനങ്ങളിൽ ആവശ്യമായ Character and Antecedence Certificate, Physical Fitness Certificate, Police Verification Proforma എന്നിവ ബാധകത അനുസരിച്ച് പരിശോധിക്കുക
- തിരിച്ചറിയൽ രേഖ, മാനേജറുടെ പ്രഖ്യാപനം, നിയമിതന്റെ പ്രഖ്യാപനം എന്നിവ ആവശ്യാനുസരണം ലഭ്യമാണെന്ന് ഉറപ്പാക്കുക
- സംരക്ഷിത അധ്യാപക നിയമനമാണെങ്കിൽ ബാധകമായ ബോണ്ട്/സത്യവാങ്മൂലം, ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ എന്നിവ പരിശോധിക്കുക
- മറ്റു ഫയലുകളിൽ/ഓഫീസ് രേഖകളിൽ ഇതിനകം ലഭ്യമായ രേഖകൾ വീണ്ടും ആവശ്യപ്പെടുന്നത് ഒഴിവാക്കുക; ആവശ്യമായ രേഖ ഓഫീസ് രേഖയിൽ ലഭ്യമാണെങ്കിൽ അതിന്റെ പകർപ്പ് ഫയലിൽ ഉൾപ്പെടുത്തുക
- കൂടുതൽ രേഖ ആവശ്യപ്പെടേണ്ടിവന്നാൽ അതിന്റെ നിയമപരമായ/ഭരണപരമായ കാരണം ബന്ധപ്പെട്ട ഉത്തരവ് റഫർ ചെയ്ത് സമന്വയ ഫയൽ നോട്ടിൽ രേഖപ്പെടുത്തുക
- പരിഹരിക്കാവുന്ന അപാകതകൾ മാനേജരെ അറിയിച്ച് ന്യായമായ സമയം നൽകി പരിഹരിക്കുക; അനാവശ്യമായി ഫയൽ വൈകിക്കരുത്
- കാലതാമസ അപേക്ഷയുണ്ടെങ്കിൽ കാരണം വ്യക്തവും അനുബന്ധ രേഖകളാൽ പിന്തുണയ്ക്കപ്പെട്ടതുമാണോ എന്ന് പരിശോധിച്ച് ചട്ടപ്രകാരം തീരുമാനിക്കുക
- റീഅറേഞ്ച്മെന്റ് കേസുകളിൽ ആദ്യ പ്രൊപ്പോസൽ സമർപ്പിച്ച തീയതി, അനുവദിച്ച കാലതാമസ ഇളവ്, മുൻപ് നൽകിയ രേഖകളുടെ സാധുത എന്നിവ സർക്കുലറിലെ വ്യവസ്ഥകൾ പ്രകാരം പരിശോധിക്കുക
- പ്രമോഷൻ നിയമനങ്ങളിൽ സേവനപുസ്തകത്തിൽ യോഗ്യതകൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടോ എന്നും ആവശ്യമായിടത്ത് സീനിയോറിറ്റി ലിസ്റ്റ്/സേവനപുസ്തകത്തിന്റെ ആദ്യ പേജുകൾ അപ്ലോഡ് ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുക
- യോഗ്യതയില്ലാത്ത നിയമനത്തിന് അംഗീകാരം നൽകരുത്; ഒഴിവ്, യോഗ്യത, പ്രായപരിധി, നിയമനാധികാരം എന്നിവയെല്ലാം പരിശോധിച്ചശേഷം തീരുമാനമെടുക്കുക
- അംഗീകാരം നിരസിക്കേണ്ടിവന്നാൽ നിരസനത്തിനുള്ള എല്ലാ കാരണങ്ങളും ഒരേ ഉത്തരവിൽ വ്യക്തമായി രേഖപ്പെടുത്തുക
- ആദ്യ നിരസന ഉത്തരവിൽ പരാമർശിക്കാത്ത പുതിയ കാരണങ്ങൾ പിന്നീട് ഉന്നയിച്ച് വീണ്ടും നിരസിക്കുന്ന സാഹചര്യം ഒഴിവാക്കുക
- അംഗീകാര ഉത്തരവിൽ നിയമനത്തിന്റെ സ്വഭാവം, ബാധകമായ ചട്ടം/ഉത്തരവ്, അംഗീകാരത്തിന്റെ കാലയളവ്, തസ്തിക നഷ്ടപ്പെട്ട തീയതി പോലുള്ള പ്രസക്തമായ കാര്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തുക
- നിയമനാംഗീകാര ഫയലുകളുടെ ലേബലിങ്, രേഖസംരക്ഷണം, ഓഡിറ്റ്, പുരോഗതി പരിശോധന എന്നിവ സംബന്ധിച്ച സർക്കുലർ നിർദേശങ്ങൾ പാലിക്കുക
15. ഉപസംഹാരം
30-09-2026-ലെ DGE/16152/2026-H2 സർക്കുലർ എയ്ഡഡ് സ്കൂളുകളിലെ നിയമനാംഗീകാര നടപടികൾ കൂടുതൽ സുതാര്യവും സമയബന്ധിതവുമാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. അനാവശ്യ ഫയൽ കാലതാമസങ്ങൾ ഒഴിവാക്കുന്നതിനൊപ്പം നിയമപരമായ കർശന പരിശോധനകൾ കൃത്യമായി നടപ്പാക്കാനും ഈ സർക്കുലർ വ്യവസ്ഥ ചെയ്യുന്നു.




