Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Samanwaya State Nodal Office

Samanwaya State Nodal Office   Mob: 8606524908   Email: samanwayasno@gmail.com

Thursday, July 10, 2025

ഭിന്നശേഷി നിയമനം-ജില്ലാതല സമിതി-മാനേജർമാർ ചെയ്യേണ്ടത്.

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരും പൊതു വിദ്യാഭ്യാസ ഡയറക്റ്ററും വിവിധങ്ങളായ ഉത്തരവുകളും സർക്കുലറുകളും പുറപ്പെടുവിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട് ബഹു സുപ്രീം കോടതി മുമ്പാകെ ഫയൽ ചെയ്യപ്പെട്ട എസ്.എൽ.പി (സി) 9566/2023 തുടങ്ങിയ ഹർജികളിൽ ബഹു സുപ്രീം കോടതി, നിലവിലുള്ള ചട്ടങ്ങളിൽ എന്ത് തന്നെ വ്യവസ്ഥചെയ്തിരുന്നാലും എയ്ഡഡ് സ്കൂളുകളിൽ നിയമിക്കുവാൻ ഭിന്നശേഷി വിഭാഗത്തിൽ ഉള്ളവരെ തിരഞ്ഞെടുക്കുന്നതിനായി ഒരു സംസ്ഥാനതല സമിതി രൂപീകരിക്കുന്നതിനും, സമിതി ശുപാർശ ചെയ്യുന്ന ഉദ്യോഗാർത്ഥികളെ നിയമിക്കുവാൻ മാനേജർമാർ ബാധ്യസ്ഥരാണെന്നും ഇത് സംബന്ധിച്ച പ്രൊപ്പോസൽ സമർപ്പിക്കുന്നതിനും സർക്കാരിന് നിർദേശം നൽകുകയുണ്ടായി. സർക്കാർ പ്രൊപ്പോസൽ സമർപ്പിക്കുകയും, ബഹു സുപ്രീംകോടതി എസ്.എൽ.പി (സി) നം. 9566/2023 നമ്പർ ഹർജിയിലെയും ബന്ധപ്പെട്ട മറ്റ് ഹർജികളിലും 27.01.2025 തീയതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സർക്കാർ സമർപ്പിച്ച പ്രൊപ്പോസൽ അനുസരിച്ചു തുടർ നടപടികൾ സ്വീകരിക്കുവാൻ അനുമതി നൽകുകയും എന്നാൽ സർക്കാർ ശുപാർശകൾ അന്തിമമാക്കുന്നത് ബഹു.കോടതി അനുമതിയോടെ മാത്രമായിരിക്കും എന്നും ഉത്തരവിട്ടു. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിനായി സംസ്ഥാന തല, ജില്ലാതല സമിതികൾ രൂപീകരിച്ച്  സർക്കാർ G.O.(കൈ) No.45/2025/GEDN തീയ്യതി. 24-03-2025 പ്രകാരം ഉത്തരവായിട്ടുണ്ട്. തുടർന്ന് ഭിന്നശേഷി നിയമനം സംബന്ധിച്ച് കൂടുതൽ മാർഗ്ഗ നിർദ്ദേശങ്ങൾ സ.ഉ.(കൈ) നം.123/2025/GEDN തീയതി. 28-06-2025 പ്രകാരം പുറപ്പെടുവിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്റ്റർ   പ്രകാരം മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പുതുതായി പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരം ഈ നടപടിക്രമങ്ങളെല്ലാം തന്നെ സമന്വയ മുഖേനയാണ് ചെയ്യേണ്ടത്.

GO 45/2025 /G.EDN- COMMITTEE FORMATION

GO 123/2025-District committe RPWD Appointment

DGE Directions on RPWD Reservation-District Level Committee reg

A presentation

മാനേജർമാർ സമന്വയ മുഖേനയാണ് ഭിന്നശേഷി സംവരണത്തിനായി വിട്ടുനൽകേണ്ട ഒഴിവുകളുടെയും നിലവിൽ വിട്ടുനൽകപ്പെട്ട ഒഴിവുകളുടെയും വിശദാംശങ്ങൾ രേഖപ്പെടുത്തേണ്ടത്.

മാനേജർ സമന്വയ ലോഗിൻ ചെയ്താൽ RPWD Vacancy Reporting എന്ന പുതിയ ലിങ്ക് വന്നതായി കാണാവുന്നതാണ്.

ഈ ലിങ്ക് ഉപയോഗിച്ചാണ് ഒഴിവ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത്.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ താഴെ കാണുന്നതുപോലെ ഒരു വിൻഡോ ലഭ്യമാകുന്നതാണ്.


മാനേജ്മെന്റിനു കീഴിലെ ഓരോ സ്കൂളും ഇവിടെ ലിസ്റ്റ് ചെയ്തിരിക്കും.
ഈ വിൻഡോയിലെ + Add Vacancy Reporting   എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

അവിടെ പുതിയ ഒരു വിൻഡോ ലഭ്യമാകും.
1.School- സ്കൂൾ സെലക്റ്റ് ചെയ്യുക
2.ഒഴിവ് കാറ്റഗറി- കാറ്റഗറി 1 മുതൽ 7 വരെ (1-പ്രൈമറി, 2 എച്ച്.എസ്,തുടങ്ങി) വിട്ടുനൽകിയ അഥവാ വിട്ടുനൽകുന്ന ഒഴിവ് ഏത് കാറ്റഗറിയാണെന്നാണ് സെലക്റ്റ് ചെയ്യുന്നത്.
3.തസ്തിക- വിട്ടുനൽകിയ അഥവാ വിട്ടുനൽകുന്ന ഒഴിവ് വരുന്ന തസ്തിക
4.ഒഴിവ് വന്ന/വരുന്ന തീയ്യതി-വിട്ടുനൽകിയ അഥവാ വിട്ടുനൽകുന്ന ഒഴിവ് വരുന്ന  തീയ്യതി
5.ഒഴിവിന്റെ സ്വഭാവം -ഈ ഒഴിവ് വരാനുള്ള കാരണമാണ് നൽകേണ്ടത്. ഉദാഹരണമായി Retirement 
6.ഒഴിവിന്റെ കാരണം-ഒഴിവ് എപ്രകാരമാണ് ഉണ്ടായത്- ഉദാ-Retirement of Sri........................,HST on 31/03/2024
7.ഈ ഒഴിവ് മുമ്പ് റിപ്പോർട്ട് ചെയ്തതാണോ?-2 ഓപ്ഷൻ.യെസ്, നോ. (മുമ്പ് അതായത് പുതിയ സംവിധാനം വരുന്നതിന് മുമ്പ് നേരിട്ടോ വിദ്യാഭ്യാസ ഓഫീസർ മുഖേനയോ എംപ്ലോയ്മെന്റിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നത്)
8.ഒഴിവ് ആദ്യം റിപ്പോർട്ട് ചെയ്ത തീയതി-മുമ്പ് റിപ്പോർട്ട് ചെയ്തതാണെങ്കിൽ മാത്രം ആദ്യം റിപ്പോർട്ട് ചെയ്ത തീയ്യതി
ഇത് നോ എന്ന് നൽകിയാൽ മുമ്പ് റിപ്പോർട്ട് ചെയ്തതല്ലാത്തതിനാൽ താഴെയുള്ള ചോദ്യങ്ങൾ വരില്ല
9.പിന്നീട് അടുത്ത വർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ തീയതി-8ാമത്തെ ചോദ്യം യെസ് എന്ന് നൽകിയാലാണ് (മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടവ) ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത്.
10.ഈ ഒഴിവിൽ ഭിന്നശേഷി ഉദ്യോഗാർത്ഥി നിയമിക്കപ്പെട്ടിട്ടുണ്ടോ ?-ഉണ്ടെങ്കിൽ യെസ് എന്നും ഇല്ലെങ്കിൽ നോ എന്നും നൽകുക
11.ഭിന്നശേഷി ഉദ്യോഗാർഥിയുടെ കാറ്റഗറി-ആർ.പി.ഡബ്ലിയു.ഡി ആക്റ്റിൽ പറഞ്ഞതുപോലെ  എ മുതൽ ഇ വരെ യുള്ള ഭിന്നശേഷി കാറ്റഗറിയാണ് സെലക്റ്റ് ചെയ്യേണ്ടത്.
12.ഭിന്നശേഷി ഉദ്യോഗാർഥി സേവനത്തിൽ വന്ന തീയതി-സോവനത്തിൽ പ്രവേശിച്ച തീയ്യതി
13.നിലവിൽ ഈ ഭിന്നശേഷി ഉദ്യോഗാർഥി സേവനത്തിൽ തുടരുന്നുണ്ടോ?-ഉണ്ടെങ്കിൽ യെസ് എന്നും ഇല്ലെങ്കിൽ നോ എന്നും നൽകുക
14.കൈപ്പറ്റ് രശീതി- ലഭ്യമാണെങ്കിൽ പി.ഡി.എഫ് അപ് ലോഡ് ചെയ്യാം
15.എൻ.എ.സി-ലഭ്യമാണെങ്കിൽ പി.ഡി.എഫ് അപ് ലോഡ് ചെയ്യാം
16.Additional Remarks-അധിക റിമാർക്സ്
ഇത്രയും ചെയ്ത് താഴെയുള്ള സേവ് ബട്ടൺ ക്ലിക്ക് ചെയ്യുക. ഇത്തരത്തിൽ ഓരോ സ്കൂളിലേയും ഓരോ  ഒഴിവും വെവ്വേറെ രേഖപ്പെടുത്തണം.
ഇത്തരത്തിൽ മുഴുവൻ ഒഴിവുവിവരങ്ങളും രേഖപ്പെടുത്തിക്കഴിഞ്ഞാൽ ആയത് താഴെ കാണാൻ കഴിയും.


ഇതിൽ ഓരോ സ്കൂളിന്റെയും വിവരങ്ങൾ വ്യൂ ചെയ്ത് പരിശോധിക്കണം.
ഇങ്ങനെ കാണുമ്പോൾ

ഓരോ വിവരത്തിന്റെയും അവസാനം വലതുഭാഗത്തായി എഡിറ്റ് ചെയ്യാനും കൺഫേം ചെയ്യാനുമുള്ള ബട്ടനുകൾ കാണാവുന്നതാണ്. ഇക്കാര്യത്തിൽ പുതുതായി ഒരു സെറ്റിങ്സ് ബട്ടൺ കാണാം. ഈ ബട്ടണിൽ ക്ലിക്ക് ചെയ്താൽ എഡിറ്റ്, ഡിലീറ്റ്, കൺഫേം അവിടെ കാണാവുന്നതാണ്.


എഡിറ്റ് ക്ലിക്ക് ചെയ്താൽ എഡിറ്റിങ്ങിനുള്ള വിൻഡോ വരുന്നതാണ്.
ഇത്തരത്തിൽ മാറ്റം ഉണ്ടെങ്കിൽ വരുത്തി ഓരോ വിവരവും കൺഫേം ചെയ്യേണ്ടതുണ്ട്.ഇത്തരത്തിൽ കൺഫേം കൊടുത്താൽ ഒരു ഡിക്ലറേഷൻ വിൻഡോ ലഭ്യമാകുന്നതാണ്.



ഇത് കൺഫേം ചെയ്യുന്നതോടെ ഈ വിവരം അതാത് വിദ്യാഭ്യാസ ഓഫീസൽ ലഭിക്കുകയും അവിടെ നിന്നും പരിശോധിച്ച് ക്രമപ്രകാരമെങ്കിൽ ജില്ലാതല സമിതിക്ക് നൽകുകയും അപാകത കണ്ടെത്തിയാൽ തിരികെ അയച്ച് അപാകത തിരുത്തി പുനഃസമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നതാണ്.

കൺഫേം ചെയ്തുകഴിഞ്ഞാൽ കൺഫേം ചെയ്തതും ഓഫീസർ വെരിഫൈ ചെയ്താൽ ആ വിവരവും അവിടെ കാണാവുന്നതാണ്.



തുടർന്ന് ജില്ലാതല സമിതി ഇന്റർവ്യൂ നടത്തി നിയമന ശിപാർശ സമന്വയ മുഖേന നൽകുന്നതാണ്.ആയത് സംബന്ധിച്ച് തുടർ വിവരങ്ങൾ അടുത്ത ഹെൽപ് ഫയലിൽ നൽകുന്നതാണ്.



ഭിന്നശേഷി സംവരണം-ജില്ലാതല സമിതി.വിദ്യാഭ്യാസ ഓഫീസുകൾക്കുള്ള ഹെൽപ്

 ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ജില്ലാതല സമിതി മുഖേന നിയമന ശിപാർശ നൽകി നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഇതിനെ തുടർന്ന് പൊതു വിദ്യാഭ്യാസ ഡയറക്റ്ററും മാർഗ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

GO 45/2025 /G.EDN- COMMITTEE FORMATION

GO 123/2025-District committe RPWD Appointment

DGE Directions on RPWD Reservation-District Level Committee reg

A presentation

ഇതു പ്രകാരം സമന്വയ മുഖേനയാണ് മാനേജർമാർ ഒഴിവ് വിവരം അപ്ഡേറ്റ് ചെയ്യുന്നത്. 

ഭിന്നശേഷി നിയമനത്തിനായി സമന്വയ വഴി മാനേജർമാർ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകൾ വ്യവസ്ഥാപിതവും ചട്ടപ്രകാരവും ഉള്ളതാണെന്ന്, ഒഴിവുകൾ സംബന്ധിച്ച റിപ്പോർട്ട് ലഭിച്ച് 15 ദിവസത്തിനുള്ളിൽ, ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പു വരുത്തി ജില്ലാതല സമിതിയ്ക്ക് സമന്വയ മുഖേന പ്രപ്പോസൽ സമർപ്പിക്കേണ്ടതാണ്. ഭിന്നശേഷി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് വ്യവസ്ഥാപിതമല്ലാത്ത ഒഴിവ് നീക്കിവച്ച് മാനേജർ അപേക്ഷ സമർപ്പിക്കുന്ന സാഹചര്യത്തിൽ, അത്തരം അപേക്ഷ തിരികെ നൽകേണ്ടതും, മേൽ അപേക്ഷ ഒഴിവു വ്യവസ്ഥാപിതമാകുന്ന അല്ലെങ്കിൽ മറ്റ് ഒഴിവ് ലഭ്യമാകുന്ന മാനേജർക്ക് പുനഃസമർപ്പിക്കുന്നതിന് നിർദ്ദേശം നൽകേണ്ടതുമാണ്.


മാനേജർ മുമ്പ് വിട്ടുനൽകിയതായി കാണിച്ചതും , ഇനി പുതുതായി വിട്ടു നൽകുന്നതും ആയ ഒഴിവുകൾ ഭിന്നശേഷി നിയമനത്തിന് യോഗ്യമാണെന്നും , ഈ ഒഴിവ് നിലവിൽ വ്യവസ്ഥാപിതമാണെന്നും അതാത് വിദ്യാഭ്യാസ ഓഫീസ‍ർ തലത്തിൽ പരിശോധിച്ച് ആയത് രേഖപ്പെടുത്തേണ്ടതുണ്ട്. വിദ്യാഭ്യാസ ഓഫീസുകളിൽ ക്ലർക്ക് മുതൽ ഓരോ തലത്തിലും ഇത്തരം ഒഴിവുകൾ പരിശോധിക്കാൻ കഴിയുന്നതും അവരവരുടെ റിമാർക്സ് രേഖപ്പെടുത്താൻ കഴിയുന്നതുമാണ്. ഓഫീസർ തലത്തിൽ മാത്രമാണ് ഒഴിവ് വിവരം റിട്ടേൺ ചെയ്യുന്നതിനും കൺഫേം ചെയ്യുന്നതിനും കഴിയുന്നത്. ഭിന്നശേഷി സംവരണത്തിനായി ഒഴിവുകൾ മാറ്റിവെച്ച് മാനേജർമാർ റിപ്പോർട്ട് ചെയ്യുമ്പോൾ, റോസ്റ്റർ തയ്യാറാക്കുന്നതിൽ അപാകതയുണ്ടെന്നതിനാലോ റോസ്റ്റർ തയ്യാറാക്കാത്തതോ ആയ കാരണങ്ങളാൽ ഈ ഒഴിവ് വിവരം ജില്ലാതലസമിതിയിലേക്ക് റിപ്പോർട്ട് ചെയ്യാതിരിക്കരുത്. മാനേജർമാർ റിപ്പോർട്ട് ചെയ്ത ഒഴിവ് വ്യവസ്ഥാപിതമല്ലെങ്കിൽ ആയത് സംബന്ധിച്ച വിവരം മാനേജരെ അറിയിച്ച് വ്യവസ്ഥാപിത ഒഴിവ് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ട് വേക്കൻസി റിപ്പോർട്ട് പുതുക്കി വാങ്ങേണ്ടതുണ്ട്. ഇതിനായി റിട്ടേൺ ഓപ്ഷൻ ഉപയോഗിക്കേണ്ടതാണ്. ഇത്തരത്തിൽ എല്ലാ ഒഴിവുകളും കൺഫേം ചെയ്താൽ ജില്ലയിലെ മുഴുവൻ ഒഴിവുവിവരങ്ങളും അതാത് ജില്ലാതലകമ്മറ്റിക്ക് സമന്വയ മുഖേന ലഭ്യമാകുന്നതാണ്. മാനേ‍ജർമാർ സമർപ്പിക്കുന്ന ഒഴിവ് വിവരത്തിൽ അപാകതയുള്ള പക്ഷം അതാത് സമയത്ത് തന്നെ തിരികെ നൽകി അപാകത പരിഹരിച്ച് പുനഃസമർപ്പിക്കുന്നതിന് നിർദ്ദേശിക്കേണ്ടതാണ്.ഇക്കാര്യത്തിനായി നിർദ്ദേശിക്കപ്പെടുന്ന അവസാന തീയ്യതി വരെ കാക്കേണ്ടതില്ല. മാനേജർമാർ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ പരമാവധി 15 ദിവസത്തിനകം കൺഫേം ചെയ്യേണ്ടതാണ്. മാനേജ‍ർമാർ ഭിന്നശേഷി നിയമനത്തിന് യോഗ്യമായ , എസ്റ്റാബ്ലിഷ്ഡ് പോസ്റ്റുകൾ ആണ് സംവരണത്തിനായി മാറ്റിവെക്കേണ്ടത്. റിട്ട് അപ്പീൽ നം 1445 /2022  മുതൽ കേസുകളിൽ 13/03/2023 നുണ്ടായ ബഹു ഡിവിഷൻ ബഞ്ച് വിധി ന്യായം നിർദ്ദേശം 4 പ്രകാരം 08/11/2021ന് ശേഷം ഉണ്ടാകുന്ന ഒഴിവുകളിൽ ഭിന്നശേഷി സംവരണം പാലിക്കപ്പെടാത്ത മാനേജ്മെന്റുകളിൽ സ്ഥിരനിയമനത്തിന് അനുമതിയില്ല. ഭിന്നശേഷി സംവരണത്തിനായി അധിക തസ്തികകൾ വിട്ടുനൽകുമ്പോൾ ഇത്തരം മാനേജ്മെന്റിൽ അതേ കാറ്റഗറിയിൽ 08/11/2021ന് ശേഷം മറ്റ് ഒഴിവുകൾ ലഭ്യമല്ലെങ്കിൽ മാത്രമാണ് അധിക തസ്തികകൾ വിട്ടുനൽകാൻ കഴിയൂ. ഈ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും ആയത് ഒഴിവായി തന്നെ പരിഗണിക്കുന്നതാണ്. വിദ്യാഭ്യാസ ഓഫീസ് തലത്തിൽ കൺഫേം ചെയ്യുമ്പോൾ മാനേജർ വിട്ടുനൽകിയ ഒഴിവിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കിയാൽ, യോഗ്യതയും മറ്റും ക്രമപ്രകാരമെങ്കിൽ നിയമനാംഗീകാരം നൽകാൻ കഴിയുന്നവയാണെന്ന് ഉറപ്പാക്കിയിരിക്കേണ്ടതുണ്ട്.

മാനേജർമാർ സമന്വയ മുഖേന കൺഫേം ചെയ്യുന്ന വിവരങ്ങൾ ഓരോ ഓഫിസിലും ക്ലർക്ക് മുതൽ ഓഫീസർ വരെയുള്ള ലോഗിനുകളിൽ ലഭ്യമാണ്.



RPWD Vacancy Report എന്ന മെനുവിലാണ് മാനേജർമാർ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ കാണുന്നത്.

ഓരോ സ്കൂളിലെയും വിവരങ്ങളാണ് ഇവിടെ കാണുന്നത്. ഇതിലെ വ്യൂ ക്ലിക്ക് ചെയ്യുക.


ക്ലർക്ക് തലം മുതൽ ഇവിടെ പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്തേണ്ടതാണ്.അതിനുള്ള ബട്ടൺ അവിടെ കാണാവുന്നതാണ്.

തുടർന്ന് ഓഫീസറുടെ ലോഗിനിൽ ഈ ഒഴിവ് കൺഫേം ചെയ്യാനും റിട്ടേൺ ചെയ്യാനും കഴിയുന്നതാണ്. എസ്റ്റാബ്ലിഷ്ഡ് അല്ലാത്ത ഒഴിവാണെങ്കിലാണ് റിട്ടേൺ ചെയ്യുന്നത്.
ഇവിടെ ഓരോരുത്തരും രേഖപ്പെടുത്തിയ റിമാർക്സ് കാണാം.മാനേജർ സമർപ്പിച്ച ഒഴിവുവിവരം ശരിയല്ലെങ്കിൽ റിട്ടേൺ ചെയ്യണം.അതിനായി റിട്ടേൺ ക്ലിക്ക് ചെയ്താൽ
എന്തുകൊണ്ടാണ് റിട്ടേൺ ചെയ്യുന്നതെന്ന് കാണിക്കേണ്ടതുണ്ട്. ആയതിൽ രേഖപ്പെടുത്തിയത് മാനേജർക്ക് കാണാനാകും.
കൺഫേം ചെയ്യുന്നതാണെങ്കിൽ വെരിഫൈയിൽ ക്ലിക്ക് ചെയ്യുമ്പോൾ കൺഫർമേഷൻ മെസേജ് ചോദിക്കുകയും ആയത് ക്ലിക്ക് ചെയ്യുന്നതോടെ വിവരം ജില്ലാതലസമിതിയിലേക്ക് ലഭിക്കുകയും ചെയ്യുന്നു.

വിദ്യാഭ്യാസ ഓഫീസ് തലത്തിൽ കൺഫേം ചെയ്യുമ്പോൾ മാനേജർ വിട്ടുനൽകിയ ഒഴിവിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കിയാൽയോഗ്യതയും മറ്റും ക്രമപ്രകാരമെങ്കിൽ നിയമനാംഗീകാരം നൽകാൻ കഴിയുന്നവയാണെന്ന് ഉറപ്പാക്കിയിരിക്കേണ്ടതുണ്ട്.

Sunday, June 15, 2025

Staff fixation 2025-26 -A help guide for HMs


2019 മുതൽ സമന്വയ മുഖേനയാണ് തസ്തിക നി‍ർണ്ണയ അപേക്ഷ സമന്വയ മുഖേന സമർപ്പിക്കുന്നതും, ഓഫീസുകളിൽ സമന്വയ മുഖേന തസ്തിക നിർണ്ണയം പ്രൊസസ് ചെയ്യുന്നതും ഉത്തരവ് സമന്വയയിലൂടെ ലഭ്യമാകുന്നതും.

തസ്തിക നി‍‌‌ർണ്ണയ പ്രൊപ്പോസൽ സമന്വയയിലൂടെ നൽകുന്നതിന് പ്രധാനാദ്ധ്യാപകർ എന്തെല്ലാം ചെയ്യണമെന്ന് നോക്കാം.

ഇതാണ് സമന്വയ സൈറ്റ്- https://samanwaya.kite.kerala.gov.in/index.php/auth/login

സമന്വയ സൈറ്റിൽ പ്രധാനാദ്ധ്യാപക‍ർക്ക് പ്രത്യേക യൂസർ ഐ.ഡി.യോ പാസ് വേഡോ ഇല്ല.

സമ്പൂർണ്ണ യൂസർ ഐ.ഡി.യും സമ്പൂർണ്ണ പാസ് വേഡുമാണ് ഉപയോഗിക്കേണ്ടത്. അത്തരത്തിൽ ലോഗിൻ ചെയ്യുമ്പോൾ ലോഗിൻ യൂസിങ്ങ് സമ്പൂ‌ർണ്ണ എന്നത് ഓൺ ആക്കണം.



പാസ് വേഡ് റീസെറ്റോ മറ്റോ സമന്വയയിലില്ല. അതെല്ലാം സമ്പൂർണ്ണയിൽ തന്നെയാണ്.

സ്കൂളിലെ സമ്പൂർണ്ണയിലൂടെ കൺഫേം ചെയ്ത ആറാം പ്രവൃത്തി ദിന റിപ്പോർട്ട് കയ്യിൽ വെക്കുക. അത് ഒത്തുനോക്കാനാണ്.സ്റ്റാഫ് ലിസ്റ്റ്, പ്ലാൻ, ഫിറ്റ്നെസ് എന്നിവ സ്കാൻ ചെയ്ത് പി.ഡി.എഫ് ആക്കി ഡെസ്ക് ടോപ്പിൽ സേവ് ചെയ്തുവെക്കുക. 1 എം.ബി ആണ് പരമാവധി ഫയൽ സൈസ്. സ്കാൻ ചെയ്യുമ്പോൾ സൈസ് അധികമാണെങ്കിൽ താഴെ പറയുന്ന ലിങ്കുകൾ ഉപയോഗിച്ച് റീസൈസ് ചെയ്യാം.

https://www.ilovepdf.com/compress_pdf

https://bigpdf.11zon.com/en/compress-pdf

 ഈ വർഷത്തെ തസ്തിക നിർണ്ണയ സർക്കുലർ


സമന്വയ മുഖേനയല്ലാതെ മുൻ അക്കാദമിക വർഷങ്ങളിൽ തസ്തിക നിർണയം നടത്തിയ സ്കൂളുകൾ (1. ഓറിയൻ്റൽ സ്കൂ‌ളുകൾ, 2. കന്നഡ/തമിഴ് മീഡിയം പാരലൽ ഡിവിഷനുകൾ ഉള്ള സ്കൂ‌ളുകൾ, 3. സ്പെഷ്യൽ സ്കൂളുകൾ, 4. റ്റി.റ്റി.ഐ കൾ (ഫീഡിംഗ് സ്ക്കൂൾ ഉൾപ്പെടെ), 5. ആംഗ്ലോ ഇന്ത്യൻ സ്കൂളുകൾ) 2005-26 വർഷവും സമന്വയ മുഖേന പ്രൊപ്പോസൽ സമർപ്പിക്കേണ്ടതില്ല. പ്രസ്തുത സ്കൂളുകൾ മുൻ വർഷങ്ങളിലേതു പോലെ മാന്വലായിത്തന്നെ പ്രൊപ്പോസൽ സമർപ്പിക്കേണ്ടതാണ്.

സമന്വയ സർവറിൽ അനുഭവപ്പെട്ടേക്കാവുന്ന ലോഡ് ലഘൂകരിക്കുന്നതിനായി, മേൽ സർക്കുലറുകളിലെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് താഴെപ്പറയുന്ന തീയതികളിൽ തന്നെ അതതു ജില്ലകളിലെ പ്രഥമാധ്യാപകർ തസ്തിക നിർണയ പ്രൊപ്പോസലുകൾ confirm ചെയ്യേണ്ടതാണ്.

16.06.2025 -കാസർഗോഡ്, കോട്ടയം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ

17.06.2025-പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളിലെ സ്കൂളുകൾ

18.06.2025-മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സ്കൂളുകൾ

19.06.2025-എറണാകുളം, കൊല്ലം ജില്ലകളിലെ സ്കൂളുകൾ

20.06.2025-കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ സ്കൂളുകൾ

21.06.2025-ഈ ദിവസങ്ങളിൽ ഏതെങ്കിലും കാരണവശാൽ സമർപ്പിക്കാൻ കഴിയാതിരുന്ന സ്കൂളുകൾ

സമ്പൂർണ്ണ സൈറ്റിൽ ആറാം പ്രവൃത്തി ദിനം വരെ രേഖപ്പെടുത്തപ്പെട്ട വിദ്യാർത്ഥികളുടെ വിവരങ്ങൾ ഉപയോഗിച്ചാണ് സമന്വയ വഴി തസ്തിക നിർണ്ണയം നടത്തുന്നത്. സമന്വയയിൽ കുട്ടികളുടെ എണ്ണം/ഭാഷ പോലുളളവ തിരുത്തുന്നതിന് സൗകര്യമുണ്ടായിരിക്കുന്നതല്ല.


ലോഗിൻ ചെയ്തു കഴിഞ്ഞാൽ

ഇങ്ങനെ കാണാം.
4 പേജാണ് എച്ച്.എം സബ്മിറ്റ് ചെയ്യാനുള്ളത്.

Sixth Working Day Strength
Staff Statement Details
Plan & Fitness Details
Readmission/Strength Details

ഇതു നാലും ആദ്യം ചുവപ്പ് കളറിലായിരിക്കും.
  • ലിങ്കുകൾ ഓരോന്നും ക്രമത്തിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ SAVE ചെയ്ത് CONFIRM ചെയ്യുക. ആറാം പ്രവർത്തി ദിനത്തിന്റെ വിവരങ്ങൾ CONFIRM ചെയ്താൽ മതിയാകും.
  • CONFIRM ചെയ്യുമ്പോൾ മുകളിലത്തെ ലിങ്കുകളുടെ നിറം ചുവപ്പിൽ നിന്നും പച്ചയിലേക്ക് മാറും.
  • നാലു ലിങ്കുകളും പച്ചയാവുമ്പോൾ ഏറ്റവും വലതു വശത്തു ഫൈനൽ ബട്ടൺ കാണാം . FINAL ബട്ടൺ ക്ലിക്ക് ചെയ്താൽ വിവരങ്ങൾ നിങ്ങളുടെ AEO / DEO ൽ എത്തു

1. ആദ്യം Sixth Working Day Strength ചെയ്യാം.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ

ആറാം പ്രവൃത്തി ദിന റിപ്പോർട്ട് കാണാം.പ്രധാനാദ്ധ്യാപകർ തന്നെ സമ്പൂർണ്ണ മുഖേന കൺഫേം ചെയ്ത 2025-26 വർഷത്തെ ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ വിശദാംശങ്ങൾ ആറാം പ്രവൃത്തി ദിനത്തിൽ തന്നെ ലോക്ക് ചെയ്യപ്പെട്ടിട്ടുളളതാണ്.

സമന്വയയിൽ കുട്ടികളുടെ എണ്ണം/ഭാഷ പോലുളളവ തിരുത്തുന്നതിന് സൗകര്യമുണ്ടായിരിക്കുന്നതല്ല.

ഈ പേജിൽ ഒന്നും തന്നെ രേഖപ്പെടുത്താനില്ല. പേജിന് ഏറ്റവും താഴെ കാണുന്ന  Confirm Strength Details എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക മാത്രമാണ് ചെയ്യാനുള്ളത്. സമ്പൂർണ്ണയിലെ പ്രവൃത്തി ദിന റിപ്പോർട്ടിലെ വിവരവും ഇവിടെ കാണുന്നതും തമ്മിൽ വ്യത്യാസം കാണുന്നു എങ്കിൽ  samanwayasno@gmail.com  ലേക്ക് ഉടനെ അറിയിക്കുക.

കൺഫേം ചെയ്യുന്നതോടെ ആ പേജ് പച്ച ആയി മാറും

2.അടുത്തത് സ്റ്റാഫ് ഡീറ്റെയിൽസ് ആണ്.

സ്കൂളിലെ ജീവനക്കാരുടെ വിശദാംശങ്ങളാണ് ഇതിൽ രേഖപ്പെടുത്തേണ്ടത്.




നിലവിലെ സ്റ്റാഫ് ലിസ്റ്റ് അവിടെ കാണാം. അവിടെ ആരെയെങ്കിലും മുമ്പ് ഒഴിവാക്കപ്പെട്ടവരുണ്ടെങ്കിൽ സ്റ്റാഫ് ലിസ്റ്റ് ന് തൊട്ടു കാണുന്ന റിപ്പോസിറ്ററി ക്ലിക്ക് ചെയ്ത് ആഡ് ചെയ്യാം.

സമ്പൂർണ്ണയിൽ ഉള്ള സമന്വയയിൽ ഇല്ലാത്ത ജീവനക്കാരനെ ആഡ് ഫ്രം സംപൂർണ്ണ എന്ന ബട്ടൺ ഉപയോഗിച്ച് ആഡ് ചെയ്യാം. അതുപോലെ തന്നെ സമ്പൂർണ്ണയിലും ഇല്ലാത്ത അദ്ധ്യാപകനാണെങ്കിൽ ആഡ് സ്റ്റാഫ് എന്നതിൽ ചേർത്ത് ആഡ് ചെയ്യാം. 

കോർപ്പറേറ്റ് മാനേജ്മെന്റിലും സർക്കാർ സ്കളിലും ഉള്ള അദ്ധ്യാപകരിൽ ട്രാൻസ്ഫർ ആയവരെ സ്റ്റാഫ് ലിസ്റ്റ് എന്ന ഭാഗത്തോ റെപ്പോസിറ്ററിയിലോ പോയി ട്രാൻസ്ഫർ ചെയ്യാം.


ഓരോരുത്തരുടെയും ഉദ്യോഗപ്പേര്, സേവനം ആരംഭിച്ച തീയതി, മുൻകാല സേവനം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ എല്ലാ ഫീൽഡുകളും സേവന പുസ്തകവുമായി ഒത്തുനോക്കി ശരിയാണെന്നു ഉറപ്പുവരുത്തി, മാറ്റമുണ്ടെങ്കിൽ ആയത് രേഖപ്പെടുത്തി അപ്ഡേറ്റ് ചെയ്യണം. ജീവനക്കാരുടെ - വിവരങ്ങൾ കാറ്റഗറി തിരിച്ച്, സീനിയോറിറ്റി ക്രമത്തിലാണ് രേഖപ്പെടുത്തേണ്ടത്. ജീവനക്കാരുടെ സേവനം സംബന്ധിച്ച വിവരങ്ങൾ ഒരിക്കൽ രേഖപ്പെടുത്തി കൺഫേം ചെയ്തു കഴിഞ്ഞാൽ പിന്നീട് എഡിറ്റു ചെയ്യാൻ സാധിക്കുന്നതല്ല 

15/06/2025 തിയതിയിലെ സ്റ്റാഫ് ലിസ്റ്റാണ് സമന്വയയിൽ അപ്ഡേഷന് ആധാരമാക്കേണ്ടത്.പ്രഥമാദ്ധ്യാപകൻ ജീവനക്കാരുടെ വിശദാംശങ്ങൾ ചേർക്കുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴും താഴെപറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. സ്റ്റാഫ് ലിസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് സ്പാർക്ക് മുഖേന ലഭിക്കുന്ന ഡാറ്റ ആയതിനാൽ സമന്വയയിലെ അവരുടെ ശരിയായ തസ്തിക തെരഞ്ഞെടുത്ത് ടി ജീവനക്കാരുടെ സേവനം സംബന്ധിച്ച വിശദാംശങ്ങൾ കൃത്യമായി രേഖപ്പെടുത്തേണ്ടതുമാണ്. എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകരുടെ തുടർച്ചയായ സേവനം ആരംഭിച്ച തീയതി എന്ന ഫീൽഡിൽ അവരുടെ നിലവിലുളള തസ്തികയിലെ തുടർച്ചയായ സേവനത്തീയതിയാണ് രേഖപ്പെടുത്തേണ്ടത്. മുൻകാല സർവ്വീസ് കാലയളവ് ആയതിനുളള കോളത്തിൽ ചേർക്കണം.

സർക്കാർ സ്കൂളിലെ അദ്ധ്യാപകരുടെ കാറ്റഗറി അടിസ്ഥാനപ്പെടുത്തിയുളള സീനിയോറിറ്റി അനുസരിച്ചാകണം അവരുടെ സേവന വിവരങ്ങൾ രേഖപ്പെടുത്തേണ്ടത്. അവരുടെ നിയമനരീതി (പി.എസ്.സി., .ഡി.റ്റി., ബെ-ട്രാൻസ്ഫർ, പ്രൊമോഷൻ, ആശ്രീത നിയമനം, മുതലായവ) സംബന്ധിച്ച കോളം നിർബന്ധമായും സേവനപുസ്തകം നോക്കിത്തന്നെ പൂരിപ്പിക്കേണ്ടതാണ്. നിയമനരീതി അന്തർജില്ലാ സ്ഥലം മാറ്റമാണെങ്കിൽ നിലവിലുളള ജില്ലയിൽ സേവനം ആരംഭിച്ച തീയതി മാത്രമേ രേഖപ്പെടുത്തേണ്ടതുളളു. മറ്റൊരു ജില്ലയിൽ സർക്കാർ സർവ്വീസിൽ തുടർന്നുവരവെ നിലവിലെ ജില്ലയിൽ പി.എസ്.സി. മുഖേന പുതിയ നിയമനം ലഭിച്ചാലും നിലവിലെ ജില്ലയിൽ ജോലിയിൽ പ്രവേശിച്ച തീയതിയാണ് ചേർക്കേണ്ടത്. മാതൃവിദ്യാലയത്തിൽ തസ്തിക നഷ്ടപ്പെട്ട് മറ്റ് സ്കൂളുകളിലേയ്ക്ക് പുനർവിന്യസിക്കപ്പെട്ട (ഡിപ്ലോയ്ഡ്) എയ്ഡഡ് അദ്ധ്യാപകരുടെ വിവരങ്ങൾ രേഖപ്പെടുത്തേണ്ടത് മാതൃവിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകനാണ്. മാതൃ വിദ്യാലയത്തിലെ സ്റ്റാഫ് ലിസ്റ്റിലെ Deployed to എന്ന ടാബിൽ ജീവനക്കാരനെ ഏത് സ്കൂളിലേയ്ക്കാണോ പുനർ

വിന്യസിച്ചിരിക്കുന്നത്, ആ സ്കൂളിലേയ്ക്ക് ഡിപ്ലോയ്മെന്റ് വിവരങ്ങൾ അപ് ഡേറ്റ് ചെയുകയാണ് വേണ്ടത്. ഇത്തരത്തിലുള്ള അദ്ധ്യാപകർ നിലവിൽ ജോലി ചെയ്യുന്ന സ്കൂളിലെ സ്റ്റാഫ് ലിസ്റ്റിൽ, Deployed from എന്ന ടാബിൽ ഇത്തരക്കാരുടെ വിവരങ്ങൾ ലഭ്യമാണെന്ന് പ്രസ്തുത സ്കൂളിലെ പ്രധാനാദ്ധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ്. പ്രസ്തുത അദ്ധ്യാപകരുടെ വിവരങ്ങൾ പുനർ വിന്യസിക്കപ്പെട്ട വിദ്യാലയത്തിലെ പ്രധാനാദ്ധ്യാപകൻ എന്റർ ചെയ്യേണ്ടതില്ല.

ഡെപ്യൂട്ടേഷൻ, വർക്ക് അറേഞ്ച്മെന്റ് വ്യവസ്ഥകളിൽ ജോലി ചെയ്യുന്നവരുടെ വിശദ

വിവരങ്ങൾ, അവർ നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അല്ലെങ്കിൽ ഓഫീസിന്റെ വിശദ വിവരങ്ങൾ എന്നിവ മാതൃവിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകൻ തന്നെ രേഖപ്പെടുത്തേണ്ടതാണ്.

08/04/2022 ലെ എച്ച്2/06/2022 - കത്തിൽ പരാമർശിക്കപ്പെട്ട പ്രകാരം, മാതൃസ്കൂൾ നിലവിലില്ലാത്തതും,ഇത്തരം സ്കൂളുകളിൽ നിന്നും പുനർ വിന്യസിക്കപ്പെട്ടവരുമായ സംരക്ഷിത ജീവനക്കാരെ നിലവിൽ ജോലി ചെയ്യുന്ന സ്കൂളുകളിലെ സ്റ്റാഫ് ലിസ്റ്റിൽ തന്നെ ഉൾപ്പെടുത്തേണ്ടതാണ്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 21/12/2022 ലെ എച്ച് 2/5594/ 2022/ഡി.ജി.ഇ നമ്പർ സർക്കുലർ പ്രകാരം, കെ ഇ ആർ അദ്ധ്യായം XXI, ചട്ടം 7(1) മുതൽ 7(4) വരെയുള്ള ഒഴിവുകളിൽ സ്ഥിരമായി പുനർ വിന്യസിക്കപ്പെട്ടതായ സംരക്ഷിത ജീവനക്കാരുടെ വിവരങ്ങൾ രേഖപ്പെടുത്തേണ്ടത് മാതൃ വിദ്യാലയത്തിലെ പ്രധാനാദ്ധ്യാപകനാണ്.

അദ്ധ്യാപക പാക്കേജ് വഴി പൂളിംഗ് വ്യവസ്ഥയിൽ ക്ലബ് ചെയ്യപ്പെട്ട സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ സേവനം സംബന്ധിച്ച വിശദ വിവരങ്ങൾ, പ്രസ്തുത ജീവനക്കാർക്ക് ശമ്പളവിതരണം നടത്തുന്ന സ്കൂളുകളിലെ പ്രഥമാദ്ധ്യാപകരാണ് രേഖപ്പെടുത്തേണ്ടത്. അദ്ധ്യാപക പാക്കേജ് വഴി ബി.ആർ.സി.കളിലും യു.ആർ.സി.കളിലും ക്ലസ്റ്റർ കോഡിനേറ്റർമാരായി ജോലി ചെയ്യുന്നവരുടെ വിശദവിവരങ്ങളും ബന്ധപ്പെട്ട മാതൃവിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകർ തന്നെ രേഖപ്പെടുത്തേണ്ടതാണ്. നിയമനാംഗീകാരം ലഭിക്കാത്ത അദ്ധ്യാപകരുടെ വിശദാംശങ്ങൾ Add the new school staff എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തേണ്ടതാണ്.

മതിയായ എണ്ണം കുട്ടികൾ ഇല്ലാത്ത സ്കൂളുകളിൽ സ്ഥിരം തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനാംഗീകാരം ലഭിച്ചവരുടെ വിവരം അനുവദീയ തസ്തികയിൽ തന്നെ ഉൾക്കൊളളിക്കേണ്ടതാണ്.

പെൻ നമ്പർ ലഭിക്കാത്ത അദ്ധ്യാപകർക്ക് ആയത് ചേർക്കേണ്ടതില്ല.

സ്ഥാനക്കയറ്റം ലഭിച്ചതും എന്നാൽ, അംഗീകാരം ലഭിക്കാത്തതുമായ ജീവനക്കാരെ പെൻഡിംഗ് പ്രമോഷൻ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. സ്റ്റാഫ് ലിസ്റ്റിലെ സീനിയോറിറ്റി റാങ്ക് എന്നത് ഓരോ തസ്തികക്കും വെവ്വേറെയാണ് . കെ..ആറിലെ സീനിയോറിറ്റി എന്ന രീതിയിലല്ല. തസ്തിക നിർണ്ണയം നടത്തി ഓഫീസിൽ ഓരോ തസ്തികയിലും എത്ര പേർ നിൽക്കും എന്ന് കണക്കാക്കുന്നതിനാണ് ഈ റാങ്ക്.ഉദാഹരണമായി എച്ച്.എസ്.ടി ഗണിതം 10 തസ്തിക അനുവദിക്കപ്പെട്ടാൽ അതിൽ അംഗീകാരമുള്ളവരിൽ ആദ്യ 10 പേർ ആരാണെന്നറിയണം. ഇതിനായി ഓരോ തസ്തികയിലും നിൽക്കുന്നവരുടെ സീനിയോറിറ്റി തിരിച്ചാണ് റാങ്ക് നമ്പർ നൽകേണ്ടത്.

ഒരേ റാങ്ക് നമ്പർ ഒരേ തസ്തികയിൽ 2 പേർക്ക് വരാൻ പാടില്ല. വ്യത്യസ്ത തസ്തികകളിലാകാം.

അവസാനം ആ പേജും കൺഫേം ചെയ്യുക

3.അടുത്തത് പ്ലാൻ, ഫിറ്റ്നെസ് ആണ്.

സ്കൂൾ കെട്ടിടങ്ങളുടെ ഈ വർഷത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പ്ലാൻ എന്നിവ ഈ ടാബ് വഴി

അപ്ലോഡ് ചെയ്ത് കൺഫേം ചെയ്യണം. 28/05/2022 ലെ സർക്കാർ ഉത്തരവ് (കൈ) നം. 114/2022/എൽ.എസ്.ജി.ഡി. എന്നിവയിലെ നിർദ്ദേശമനുസരിച്ചുളള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആയിരിക്കണം - പ്രഥമാദ്ധ്യാപകർ അപ്ലോഡ് ചെയ്യേണ്ടത്. പ്രഥമാദ്ധ്യാപകർ അക്കോമഡേഷന്റെ പ്ലാൻ തയ്യാറാക്കുമ്പോൾ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് അനുസരിച്ച് ഓരോ കെട്ടിടത്തിൻറെയും അളവുകൾ (നീളം, വീതി, ഉയരം) പ്രത്യേകം കാണിക്കേണ്ടതും, പ്രീ-പ്രൈമറി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി എന്നീ വിഭാഗങ്ങളുണ്ടെങ്കിൽ ആ വിഭാഗത്തിന് മാറ്റിവെച്ച ക്ലാസ്സ് മുറികളുടെ കാര്യം പ്രത്യേകം കാണിക്കേണ്ടതുമാണ്.

Pre-KER, Post KER കെട്ടിടങ്ങൾ തരംതിരിച്ച് അവയുടെ കൃത്യമായ അളവുകളും അവയിൽ ഓരോന്നിലുമുളള ക്ലാസ്സ് മുറികളുടെ എണ്ണവും നിർബന്ധമായും ഫിറ്റ്നെസ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കണം. ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ അവ എഞ്ചിനീയർക്ക് തിരികെ നൽകി പ്രസ്തുത വിവരങ്ങൾ ചേർത്തു നൽകുവാൻ ആവശ്യപ്പെടേണ്ടതാണ്.

ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾ ഉൾപ്പെടുന്ന സ്കൂളാണെങ്കിൽ തസ്തിക നിർണ്ണയ ഉത്തരവിൽ കാണിക്കുന്നതിനായി സെക്കൻററി വിഭാഗം വരെയുളള ക്ലാസ്സുകൾക്കായി മാറ്റിവച്ചിട്ടുളള കെട്ടിടങ്ങളുടെ വിവരം പ്രത്യേകം രേഖപ്പെടുത്തണം.

പ്രീ-പ്രൈമറി ഉൾപ്പെടെയുയളള എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളും സ്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയർ നൽകുന്ന ഫിറ്റനസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നും, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഒരു സ്കൂളും പ്രവർത്തിപ്പിക്കരുതെന്നും സർക്കാർ വ്യക്തമാക്കിയിട്ടുളള കാര്യവും കൂടി ശ്രദ്ധയിൽപ്പെടുത്തുന്നു. (30/12/2016 ലെ സർക്കുലർ നമ്പർ:792455/ഇ ഡബ്ല്യു 3/2016/.സ്വ..).

ഓരോ കെട്ടിടത്തിന്റെയും നീളം, വീതി, ഉയരം എന്നിവ രേഖപ്പെടുത്തണം.പ്രീ കെ.ഇ.ആർ, പോസ്റ്റ് കെ.ഇ.ആർ എന്നിങ്ങനെ ഓപ്ഷൻ സെലക്റ്റ് ചെയ്യണം.ഇതെല്ലാം മുൻ വർഷത്തെ തസ്തിക നിർണ്ണയ ഉത്തരവിലുണ്ടായിരിക്കും. ആയതും ഫിറ്റ്നെസ് സർട്ടിഫിക്കറ്റും നോക്കി കൃത്യമായി രേഖപ്പെടുത്തണം.

ഈ വർഷം നിർമ്മിച്ച കെട്ടിടമാണെങ്കിൽ Constructed in Current Academic Year എന്നത് സെലക്റ്റ് ചെയ്യണം

+ Accommodation,  -Accommodation സെലക്റ്റ് ചെയ്ത് കെട്ടിടങ്ങൾ രേഖപ്പെടുത്താനുള്ള വരികൾ കൂട്ടുകയും കുറക്കുകയും ചെയ്യാം.

നിലവിലുള്ള കെട്ടിടങ്ങളുടെ 2025-26 ത്തെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്റെ തിയതി ചേ‍‍‍‍ർക്കണം.

കെട്ടിടങ്ങളുടെ നീളം, വീതി, ഉയരം എന്നിവയില്‍ ഇളവ് ലഭിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ചേ‍‍‍ർക്കാം.



പ്ലാനും ഫിറ്റ്നെസും ഇവിടെയാണ് അപ് ലോഡ് ചെയ്യേണ്ടത്. ഒന്നിലധികം പേജ് ഉള്ളവ പി.ഡി.എഫ് മെ‍‍ർജറുകൾ https://www.ilovepdf.com/merge_pdf ഉപയോഗിച്ച് ഒറ്റഫയലായി അപ് ലോഡ് ചെയ്യാം.

മുൻ വ‍ർഷത്തെ പ്ലാൻ തന്നെയാണെങ്കിൽ Use Last Year Plan എന്നത് ക്ലിക്ക് ചെയ്താൽ മതി.

തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും മറ്റ് രേഖകൾ (മാനേജരുടെ അപേക്ഷ പോലുള്ളവ) അപ് ലോഡ് ചെയ്യാനുണ്ടെങ്കിൽ  Other Uploads (If any) ഉപയോഗിക്കാം.


പ്ലാനും ഫിറ്റ്നെസും അപ് ലോഡ് ആയാൽ ആ ഫയൽ അവിടെ കാണാം. അപ്പോഴെ കൺഫേം ബട്ടൺ കാണൂ.

4.അടുത്ത പേജിൽ ആകെ കുട്ടികളുടെ എണ്ണം കാണാം.ഇവിടെ റീ അഡ്മിഷൻ ഉണ്ടെങ്കിൽ അത് രേഖപ്പെടുത്താൻ കഴിയും.

4 പേജും കൺഫേം ചെയ്താൽ Preview and Submit എന്ന പുതിയ ബട്ടൺ കാണാം.


ഈ പേജിൽ ആകെ വിവരങ്ങൾ കാണാം.

ഈ പേജിൽ താഴെയായി എല്ലാം റീസെറ്റ് ചെയ്യാനും കൺഫേം ചെയ്യാനും കഴിയും. ഏതെങ്കിലും പേജിൽ തെറ്റ് ഉണ്ടെങ്കിൽ എച്ച്.എം ന് തന്നെ റീസെറ്റ് ആൾ ക്ലിക്ക് ചെയ്ത് റീസെറ്റ് ചെയ്യാം.


തെറ്റൊന്നുമില്ലെങ്കിൽ ടിക്ക് ചെയ്ത് കൺഫേം ക്ലിക്ക് ചെയ്താൽ പ്രൊപ്പോസൽ ഓഫീസിലെത്തും. 

അപ്പോൾ ഈ പേജുകളെല്ലാം തന്നെ ഗ്രേ കളറാകും. 


ഓഫീസിലെത്തിയാലും സെക്ഷനിലേക്ക് ഫോർവേഡ് ചെയ്യുന്നതിന് മുമ്പേ അറിയിച്ചാൽ അതാത് ഓഫീസിൽ റീസെറ്റ് ചെയ്ത് തരാൻ കഴിയും.

മുൻ വർഷത്തെ ഹെൽപ് വീഡിയോ